കേരള സർക്കാർ മുഖേന ജർമ്മനിയിൽ നഴ്സിംഗ് ജോലി നേടാം.
നിങ്ങൾക്കറിയാമല്ലോ ആരോഗ്യ മേഖലയിലാണ് പുറമേയുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ വരുന്നത്. അതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാംഘട്ട അഭിമുഖങ്ങള്‍ 2023 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. നാലാംഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍ നടക്കുക. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
നാലാംഘട്ടത്തിലേയ്ക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെയാണ് നിയമനസാധ്യത. ഇതിനോടകം മേല്‍ സൂചിപ്പിച്ച ഭാഷായോഗ്യത നേടിയ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 നു മുന്‍പ് അപേക്ഷിക്കാം.
പദ്ധതി മുഖേന തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.
ഇതിന്റെ കൂടുതൽ വിവരങ്ങൾ എങ്ങനെ അറിയാം?
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍ വിന്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.