വ്യക്തമായ കാരണങ്ങളാൽ ഏപ്രിൽ 29 മെയ് 13 തീയതികളിൽ ബിരുദല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുമെന്ന് പി എസ് സി അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം രേഖാമൂലം പിഎസ്സിയെ ബോധ്യപ്പെടുത്തിയാൽ ഇവർക്ക് 27ന് മൂന്നാംഘട്ട പരീക്ഷ എഴുതാം.
അടുത്ത ബന്ധുക്കളുടെ മരണം, സ്വന്തം വിവാഹം, അന്നേദിവസം അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷ ഉള്ളവർ, അപകടം പറ്റി ചികിത്സയിലുള്ളവർ, അസുഖബാധിതർ, പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവ തീയതി വരുന്നവർ, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, വിശ്രമം ആവശ്യമുള്ളവർ തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം നൽകും.
പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ല പി എസ് സി ഓഫീസിൽ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ അല്ലെങ്കിൽ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി എസ് സി ആസ്ഥാനത്തെ ഇഎഫ് വിഭാഗത്തിലാണ് നൽകേണ്ടത്. തപാൽ, ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെയ് 15 മുതൽ 22 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
മെഡിക്കൽ സർട്ടിഫിക്കറ്റ് മാതൃക, ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എന്നിവ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2546260, 246